ന്യൂഡൽഹി: വർഷങ്ങളായി മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിക്കുന്ന മകന് ദയാവധം ആവശ്യപ്പെട്ടു പിതാവ് സമർപ്പിച്ച ഹർജിയിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതിയുടെ നിർദേശം.
ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ വിച്ഛേദിക്കണോയെന്നു തീരുമാനിക്കാൻ രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ വിശദമായി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നോയിഡയിലെ ജില്ലാ ആശുപത്രിയോട് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. സ്ഥിരം മെഡിക്കൽ ബോർഡ് രൂപീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
അന്തസോടെ മരിക്കാനുള്ള വ്യക്തിയുടെ മൗലികാവകാശത്തിന് അടിവരയിട്ടുകൊണ്ടുള്ള സുപ്രീംകോടതിയുടെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം. നൂറ് ശതമാനവും വൈകല്യം സ്ഥിരീകരിച്ച് ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങിവരാൻ സാധിക്കില്ലെന്ന് മെഡിക്കൽ ബോർഡ് വിധിയെഴുതിയ രോഗികൾക്ക് ദയാവധം നൽകുന്നതു സംബന്ധിച്ച ഉത്തരവ് 2018ലാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ചത്.
ജീവൻ നിലനിർത്താൻ സഹായിക്കുന്ന വെന്റിലേറ്റർ പോലുള്ള മെഡിക്കൽ ഉപകരണങ്ങളോ വൈദ്യസഹായമോ നിർത്തലാക്കി രോഗിയെ സ്വാഭാവിക മരണത്തിലേക്കു നയിക്കുന്ന ദയാവധത്തിനാണ് (പാസീവ് എത്തനേഷ്യ) സുപ്രീംകോടതി വിധിയിലൂടെ രാജ്യത്ത് അംഗീകാരം ലഭിച്ചത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ വിഷയത്തിലെ അന്തിമ തീരുമാനം. വിദേശരാജ്യങ്ങളിലേതുപോലെ മരുന്നുകളും മറ്റും നൽകിക്കൊണ്ടുള്ള ദയാവധം (ആക്ടീവ് എത്തനേഷ്യ) ഇന്ത്യയിൽ അനുവദനീയമല്ല.
മകനു ദയാവധം ആവശ്യപ്പെട്ട് പിതാവ് 2024ലും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. എന്നാൽ, കോടതിയുടെ നിർദേശപ്രകാരം രോഗിയുടെ ചികിത്സച്ചെലവും ഉത്തരവാദിത്വവും ഉത്തർപ്രദേശ് സർക്കാർ ഏറ്റെടുത്തു. മകന്റെ ആരോഗ്യനില ഇപ്പോൾ വഷളായെന്നു ചൂണ്ടിക്കാട്ടിയാണ് പിതാവ് വീണ്ടും കോടതിയിലെത്തിയത്.
രോഗിയുടെ ജീവൻ കൃത്രിമമായി ട്യൂബിട്ട് നിലനിർത്തുന്നതാണെന്നും 100 ശതമാനവും വൈകല്യം ബാധിച്ച അയാൾ ഇനി സുഖപ്പെടില്ലെന്നും അതിനാൽ ചികിത്സയും ജീവൻരക്ഷാ ഉപാധികളും പിൻവലിക്കാൻ അനുവദിക്കണമെന്നുമാണ് പിതാവിനുവേണ്ടി ഹാജരായ അഭിഭാഷക രശ്മി നന്ദകുമാർ ബോധിപ്പിച്ചത്.
രോഗിയുടെ അവസ്ഥ വിലയിരുത്തി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന് ബെഞ്ച് നിർദേശം നൽകി.